
ചെങ്ങന്നൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ ആറാം ചരമവാർഷികത്തിൽ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി 'എം.പി.വീരേന്ദ്രകുമാർ അനുസ്മരണം' നടത്തി. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പശ്ചിമഘട്ട സംരക്ഷണം, വനസംരക്ഷണം, ജലസ്രോതസുകളുടെ പരിപാലനം, പ്രകൃതിസംരക്ഷണം, സാമൂഹികനീതി, മതേതരത്വം എന്നിവയ്ക്കായി പോരാടിയ പ്രതിഭാധനനായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സോഷ്യലിസത്തിലൂന്നിയ സാമൂഹിക ഇടപെടലുകളിലൂടെയും മലയാളിയെ ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു എം.പി.വീരേന്ദ്രകുമാറിൻ്റേതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻ്റ് അജിത് ആയിക്കാട് അധ്യക്ഷനായി. പാർട്ടി നിയോജകമണ്ഡലം വൈസ് - പ്രസിഡൻ്റ് മനു പാണ്ടനാട് അനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ നിരന്തരം പോരാടിയ എം.പി.വീരേന്ദ്രകുമാർ പ്രകൃതി ചൂഷണത്തിനെതിരെ അനേകം ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പുസ്തകങ്ങളെഴുതി. എഴുത്തുകാരൻ എന്ന നിലയിൽ വീരേന്ദ്രകുമാറിൻ്റെ സംഭാവനകൾ നിസ്തുലമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആർ.പ്രസന്നൻ, സാം ജേക്കബ്, വി.എൻ.ഹരിദാസ്, പ്രസന്നൻ പള്ളിപ്പുറം, സതീഷ് വർമ, സവിത നിശീകാന്ത്, കുര്യൻ മൈനാത്ത്, എം.ജി.ഹരികുമാർ മാന്നാർ, അരുൺ പേരിശേരി, എം.ജെയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു.











